തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊല്ലത്തും കോട്ടയത്തും ആലപ്പുഴയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളില്‍ അടക്കം ജാഗ്രത വേണമെന്നാണ് നിര്‍ദേശം. ഇടിയോടും കാറ്റോടും കൂടിയ മഴ ഉണ്ടായേക്കും. കേരളാ തീരത്തേക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി വീശുന്നുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.