ന്യൂഡല്‍ഹി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി (എന്‍എസ്എ) കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച വീണ്ടും നിയമിച്ചു. നിയമനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാലാവധിക്ക് ഒപ്പമോ അല്ലെങ്കില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയോ ആയിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
2024 ജൂണ്‍ പത്ത് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവല്‍, ഐപിഎസ് (റിട്ടയേര്‍ഡ്) നിയമനം കാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകരിച്ചുവെന്ന് പേഴ്‌സണല്‍ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
1968 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഡോവല്‍ 2014 മെയ് 31 ന് പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി. എന്‍എസ്എ എന്ന നിലയില്‍ അജിത് ഡോവല്‍ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ (എന്‍എസ്സി) തലവനാകും. ദേശീയ അന്തര്‍ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ചുമതല.
അദേഹത്തിന്റെ ഓഫീസ് കാലയളവില്‍, ഡോവലിന് ക്യാബിനറ്റ് മന്ത്രി പദവി നല്‍കുകയും അദേഹത്തിന്റെ നിയമനത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും പ്രത്യേകം അറിയിക്കുകയും ചെയ്യും.
1945 ജനുവരി 20 ന് ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളില്‍ ജനിച്ച ഡോവല്‍ 1968 ല്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ചേര്‍ന്നു. അദേഹത്തിന്റെ വിശിഷ്ട സേവനങ്ങള്‍ക്ക് 1988 ല്‍ കീര്‍ത്തി ചക്ര നല്‍കി ആദരിച്ചിരുന്നു. കൂടാതെ ഇന്ത്യന്‍ പൊലീസ് മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥനായിരുന്നു അദേഹം. 1998 ല്‍ രാജ്യത്ത് രണ്ടാം തവണ ആണവ പരീക്ഷണങ്ങള്‍ നടത്തിയപ്പോഴാണ് ആദ്യമായി എന്‍എസ്എ എന്ന തസ്തിക സൃഷ്ടിക്കപ്പെട്ടത്.