ബംഗളൂരു: പോക്സോ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗളൂരു കോടതി. 17 കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു യോഗത്തിനിടെ പെണ്‍കുട്ടിയെ യെദ്യൂരപ്പ സ്വന്തം വീട്ടില്‍വച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. 54 കാരിയായ അമ്മ ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു.
തനിക്കെതിരായ പരാതി ബി.എസ് യെദ്യൂരപ്പ നേരത്തേ നിഷേധിച്ചിരുന്നു. പരാതി താന്‍ നിയമപരമായി നേരിടുമെന്നും 81 കാരനായ യെദ്യൂരപ്പ പറഞ്ഞിരുന്നു. കര്‍ണാടകയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സി.ഐ.ഡി) ആണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച് യെദ്യൂരപ്പയ്ക്ക് സിഐഡി നോട്ടീസ് അയച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ആവശ്യമെങ്കില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്നും അദേഹം വ്യക്തമാക്കി.
കേസില്‍ ജൂണ്‍ 15 ന് മുമ്പായി കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. അതിന് മുമ്പ് തന്നെ സിഐഡി കുറ്റപത്രം സമര്‍പ്പിക്കും. അതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ അവര്‍ക്ക് പാലിക്കണം. അദേഹത്തിന്റെ മൊഴിയെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യണം. ഇതെല്ലാം നടപടിക്രമങ്ങളുടെ ഭാഗമാണെന്നും സിഐഡി അത് ചെയ്യുമെന്നും പരമേശ്വര പറഞ്ഞു.
അതേസമയം അറസ്റ്റ് ഉണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും അത് പറയേണ്ടത് താനല്ല സിഐഡിയാണെന്നും മന്ത്രി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗമായ യെദ്യൂരപ്പ നിലവില്‍ ഡല്‍ഹിയിലാണ് ഉള്ളത്.