ഗാന്ധി (കവിത)

ഗാന്ധി (കവിത)

1948 ജനുവരി 30
എൻ്റെ
ഗാന്ധി മരിച്ച ദിവസം
ഹേ റാം ഹേ റാം
ഭാരതം മരവിച്ചു നിന്നു
ചോരയിൽ കുതിർന്ന
പാതിവസ്ത്രത്തിൽ
ഗന്ധി നിത്യനിന്ദ്രയിൽ,
സത്യാന്വേഷണത്തിൻ്റെ
പുസ്തകം മരവിച്ചു
ഞാൻ ഗാന്ധിയെ പഠിച്ചു
ഗാന്ധിയിൽ
ക്രിസ്തുവുണ്ടായിരുന്നു
 വാക്കിലും
പ്രവൃത്തിയിലും നീതി
ഇല്ലാത്തവർക്കിടയിൽ
നീതിയോടെ ഗാന്ധി,

ഒറ്റവരയിൽ ഗാന്ധി
പുസ്തകത്താളിൽ
പുനർജ്ജനിച്ചു
വട്ടകണ്ണടയിലൂടെ ഗാന്ധി
എന്നെ നോക്കി ചിരിച്ചു
പിന്നെ മഷിയുണങ്ങും മുമ്പ്
പുസ്തകത്തിൽ നിന്ന്
ഗാന്ധി ഇറങ്ങി നടന്നു
ഇന്ത്യയുടെ ആത്മാവിന്
ശക്തിയാവാൻ
ഗ്രാമങ്ങളിലേക്ക് ,
വയലുകളിലേക്ക്.

അദ്ധ്വാനിക്കുന്നവൻ്റെ
ഉപ്പളങ്ങളിൽ ഗാന്ധി
ഉപ്പായി മാറി
ചോരയൊഴുകും
സിരകളിൽ അഹിംസാ
മന്ത്രം നിറച്ചു,
ഇന്നും,
മരിക്കാതെ ഗാന്ധി
കറുത്തവനും
വെളുത്തവനും ഇടയിൽ
പണക്കാരനും
പാവപ്പെട്ടവനും ഇടയിൽ

ഇനിയും നിൻ
വിഷമുള്ളു കൊണ്ട് കുത്തി
കൊല്ലരുതെൻ ഗാന്ധിയെ
ഹിംസയിൽ നിന്ന്
അഹിംസയിലേക്ക് നടക്കാം
നിത്യം ചിരിക്കട്ടെ ഗാന്ധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.