ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് മരിച്ചത്. സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. ഇവര്‍ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിയില്‍ തകരുകയായിരുന്നു.

നക്‌സല്‍ കലാപബാധിത പ്രദേശമായ സുഖ്മ ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് വൈകുന്നേരം മൂന്നിനായിരുന്നു സംഭവം.

സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്ര വാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്നത്. ജഗര്‍ഗുണ്ടാ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ആക്രമണം.

സ്‌ഫോടനത്തിന് പിന്നാലെ കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. മൃതദേഹം വനത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.