'സഭാ വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ ഭയപ്പെടുന്ന അവസ്ഥ': ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ സീറോ മലബാര്‍ സഭ

'സഭാ വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ ഭയപ്പെടുന്ന അവസ്ഥ': ഛത്തീസ്ഗഡില്‍ മലയാളി  കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ സീറോ മലബാര്‍ സഭ

കൊച്ചി: ഛത്തീസ്ഗഡില്‍ മത പരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യസ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തിനും അറസ്റ്റിനുമെതിരെ സീറോ മലബാര്‍ സഭ.

സഭാ വസ്ത്രം ധരിച്ചു യാത്ര ചെയ്യാന്‍ സന്യസ്തര്‍ ഭയപ്പെടുന്ന രീതിയില്‍ നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ വര്‍ഗീയവും സങ്കുചിതവുമാക്കി മാറ്റുന്നതും പൗരന്മാരുടെ നിര്‍ഭയമായ സഞ്ചാര സ്വതന്ത്ര്യം പോലും നിഷേധിക്കുന്നതും ജനാധിപത്യ ഇന്ത്യക്ക് അപമാനകരമാണെന്ന്് സീറോ മലബാര്‍ സഭ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ആഗ്രയിലെ ഫാത്തിമ ആശുപത്രിയിലേക്ക് ജോലിക്കായി പ്രായപൂര്‍ത്തിയായ യുവതികളെ കൂട്ടികൊണ്ട് വരുന്നതിനായി ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഒരുസംഘം ആളുകള്‍ ഇവരെ തടഞ്ഞു വയ്ക്കുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തത്. ആവശ്യമായ എല്ലാ രേഖകളോടും കൂടിയാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സന്ന്യാസ സമൂഹത്തിലെ മലയാളികളായ സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും യാത്ര ചെയ്തിരുന്നത്.

ഈ രേഖകളൊന്നും പരിശോധിക്കാതെയാണ് ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്ന ആള്‍കൂട്ടം അക്രമികള്‍ കന്യാസ്ത്രീകളെ വളഞ്ഞാക്രമിച്ചതും പോലീസില്‍ ഏല്‍പിച്ചതും. കുഷ്ഠരോഗ നിര്‍മാര്‍ജനത്തിലും രോഗീ പരിചരണത്തിലും വലിയ സംഭാനകള്‍ നല്‍കിയ സന്ന്യാസ സമൂഹമാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്‌സ്.

സാമൂഹിക സേവനത്തിലും സമൂഹ നിര്‍മിതിയിലും നിസ്വാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു വരുന്ന സന്യസ്തരെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുന്നതും ദുരാരോപണങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതും നിയമവാഴ്ച തകര്‍ന്നതിന്റെയും നിയമ സംവിധാനങ്ങള്‍ പക്ഷപാതപരമായി മാറുന്നതിന്റെയും തെളിവാണ്.

നിക്ഷിപ്ത താല്‍പര്യങ്ങളുള്ള ആള്‍കൂട്ടങ്ങളും സംഘടനകളും ഭരണഘടനയ്ക്ക് മീതെ പോലും വളര്‍ന്നു നില്‍ക്കുന്ന കാഴ്ച ആശങ്കാ ജനകമാണ്. ക്രൈസ്തവ ന്യുനപക്ഷത്തിനും സന്യസ്ഥര്‍ക്കുമെതിരെ അടുത്ത കാലത്തായി വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ക്രൈസ്തവ സമൂഹത്തിന് ആവശ്യമായ സുരക്ഷാ ഉറപ്പാക്കുകയും വേണമെന്ന് സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.