ന്യൂഡല്‍ഹി: മണിപ്പൂരിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ യോഗം വിളിച്ച് ബിജെപി നേതാക്കള്‍. ചര്‍ച്ചകള്‍ സര്‍ക്കാര്‍ രൂപീകരണത്തെ കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. പുതിയ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് യോഗം. ഇതിനോടകം തന്നെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി നിരവധി ബിജെപി എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന യോഗത്തെക്കുറിച്ച് മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങാണ് സ്ഥിരീകരണം നല്‍കിയത്. സംസ്ഥാനത്തെ എല്ലാ ബിജെപി എംഎല്‍എമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 86-ാമത് നൂപി ലാല്‍ ദിനത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് ബിരേന്‍ സിങ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നിര്‍ദിഷ്ട യോഗത്തിന്റെ ഔപചാരിക അജണ്ടയൊന്നും അറിയിച്ചിട്ടില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചുള്ള ചര്‍കളാണ് നടത്താന്‍ പോകുന്നതെന്ന് അദേഹം വ്യക്തമാക്കി.
മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷും പാര്‍ട്ടിയുടെ വടക്കുകിഴക്കന്‍ കോര്‍ഡിനേറ്റര്‍ സംബിത് പത്രയും കഴിഞ്ഞ മാസം മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന പാര്‍ട്ടി നേതാക്കളുമായും എംഎല്‍എമാരുമായും നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. ഈ ചര്‍ച്ചകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
ഒക്ടോബറില്‍ ബിരേന്‍ സിങ് ഉള്‍പ്പെടെയുള്ള 26 ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ വച്ച് സന്തോഷിനെയും പത്രയെയും കണ്ട് ഒരു ജനകീയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തിയിരുന്നു. ഒരു ഐക്യ ടീമായി ഭരണം പുനരാരംഭിക്കാന്‍ സന്നദ്ധതയും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ഒരു ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളില്‍ മണിപ്പൂരിലെ എല്ലാ ബിജെപി നിയമസഭാംഗങ്ങളും ഐക്യത്തോടെ തുടരുന്നുവെന്നും ബിരേന്‍ സിങ് പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണ പ്രക്രിയ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും നിയമസഭാംഗങ്ങള്‍ പ്രകടിപ്പിക്കുന്ന വ്യക്തിഗത അഭിപ്രായങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നും അദേഹം പറഞ്ഞു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ സ്ഥാപിതമായിക്കഴിഞ്ഞാല്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടേതടക്കം സംസ്ഥാനത്തെ പല പ്രശ്നങ്ങളും സര്‍ക്കാരിന് പരിഹരിക്കാനാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 13 ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എന്‍. ബിരേന്‍ സിങ് രാജിവച്ച ശേഷം നാല് ദിവസത്തിനകം സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ രാഷട്രപതി ഭരണം നിലവില്‍ വരികയായിരുന്നു. രാഷട്രപതി ഭരണം പ്രഖ്യാപിച്ചതിന് ശേഷം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന 60 അംഗ സംസ്ഥാന നിയമസഭയുടെ കാലാവധി 2027 വരെ നീട്ടിയിട്ടുണ്ട്.