ബിഹാര്‍ മന്ത്രി നിതിന്‍ നബീന്‍ ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്

ബിഹാര്‍ മന്ത്രി നിതിന്‍ നബീന്‍ ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ്  പ്രസിഡന്റ്

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് നിതിന്‍ നബീനെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചത്.

അന്തരിച്ച ബി.ജെ.പി. നേതാവ് നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകനാണ് പട്‌ന ബാങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ നിതിന്‍ നബീന്‍. ദേശീയ തലത്തില്‍ ബിജെപിയിലെ തലമുറ മാറ്റത്തിനുള്ള സൂചനയാണ് നിതിന്‍ നബീന്റെ നിയമനം.

ബിജെപി അധ്യക്ഷനായ ജെ.പി നഡ്ഡയ്ക്ക് പകരം നിതിന്‍ ദേശീയ അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. യുവ നേതാവിനെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലയേല്‍പ്പിച്ച് അപ്രതീക്ഷിത നീക്കമാണ് ബിജെപി നടത്തിയിരിക്കുന്നത്.

എബിവിപിയിലൂടെയാണ് നിതിന്‍ രാഷ്ട്രീയത്തില്‍ എത്തുന്നത്. അച്ഛന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ 2000 ല്‍ ആണ് ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2010 മുതല്‍ 2025 വരെ വിജയം ആവര്‍ത്തിച്ചു. ഇക്കാലയളവില്‍ നഗരവികസനം, അടിസ്ഥാന സൗകര്യ വികസനം എന്നങ്ങനെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നിതിന്‍ നബീന് ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിരവധി പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് ചുമതലകളും നല്‍കിയിരുന്നു. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തി. ഭരണ നിര്‍വഹണത്തിലും ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിനും അനുഭവ പരിചയമുള്ള നേതാവായാണ് നിതിന്‍ നബീന്‍ അറിയപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.