ന്യൂഡല്‍ഹി: യഹൂദരുടെ ഉത്സവമായ ഹനൂക്കോ ആഘോഷിക്കുന്ന ആളുകളെ ലക്ഷ്യമിട്ട് ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശക്തമായി അപലപിച്ചു.
ആക്രമണത്തെ താന്‍ ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് ഇന്ത്യയിലെ ജനങ്ങളുടെ പേരില്‍ അനുശോചനം അറിയിക്കുന്നു. ദുഖത്തിന്റെ ഈ വേളയില്‍ ഓസ്ട്രേലിയയിലെ ജനങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്ന് അദേഹം പറഞ്ഞു.
ഭീകരതയോട് രാജ്യം ഒരു തരത്തിലും സഹിഷ്ണുത കാണിക്കുന്നില്ലെന്നും എല്ലാത്തരം ഭീകരതകള്‍ക്കും എതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും മോഡി വ്യക്തമാക്കി.
സിഡ്നിയിലെ ജൂത സമൂഹത്തെ ലക്ഷ്യം വച്ചാണ് ഈ ആക്രമണം നടന്നതെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് പറഞ്ഞു.
ഹനൂക്കോ ഉത്സവത്തിന്റെ തുടക്കം കുറിയ്ക്കുന്നതിനായി ബോണ്ടി ബീച്ചില്‍ നടന്ന 'ചാനുക്ക ബൈ ദി സീ' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയപ്പോഴാണ് വെടിവെപ്പുണ്ടായത്.
വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടു; പേടിപ്പെടുത്തുന്ന അനുഭവമെന്ന് മൈക്കല്‍ വോണ്‍
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. വെടിവെപ്പിനെ തുടര്‍ന്ന് സമീപത്തെ റസ്റ്ററന്റില്‍ കുടുങ്ങിയതായും ഇത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നെന്നും വോണ്‍ എക്‌സില്‍ കുറിച്ചു. ഓസ്‌ട്രേലിയയില്‍ നടന്നു വരുന്ന ആഷസ് പരമ്പയിലെ ബ്രോഡ്കാസ്റ്ററാണ് വോണ്‍.