ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ജീവിതം രാഷ്ട്രീയ നേതാക്കള്‍ക്ക് നല്ലൊരു പാഠ പുസ്തകമായിരുന്നതു പോലെ മരണ ശേഷം അദേഹത്തിന്റെ ഭൗതിക ശരീരവും പാഠ പുസ്തകമാകും.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വൈദ്യ പഠനത്തിനായി യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറി. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി സ്വന്തം ശരീരം സമര്‍പ്പിക്കുക എന്നത് അദേഹത്തിന്റെ തീരുമാനമായിരുന്നു.
പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3.30 യോടെ ആരംഭിച്ച വിലാപ യാത്ര വൈകുന്നേരം അഞ്ചോടെ എയിംസിലെത്തി. പിന്നാലെ എയിംസിന് അധികൃതര്‍ യെച്ചൂരിയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങി. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും എകെജി ഭവനില്‍ നിന്നാരംഭിച്ച വിലാപ യാത്രയില്‍ പങ്കെടുത്തു.
സീതാറാം യെച്ചൂരിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പ്രമുഖരടക്കം നിരവധി ആളുകളാണ് എത്തിയത്. എകെജി ഭവനില്‍ നടത്തിയ പൊതുദര്‍ശനത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഉന്നത നേതാക്കളും പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചു.
വസന്ത് കുഞ്ജിലെ യെച്ചൂരിയുടെ വസതിയില്‍ നിന്ന് രാവിലെ 10.15 ഓടെയാണ് മൃതദേഹം പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ എത്തിച്ചത്. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.വി ഗോവിന്ദന്‍, എം.എ ബേബി തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. പ്രിയ സുഹൃത്തും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രകാശ് കാരാട്ട് മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് സീതാറാം യെച്ചൂരി മരണത്തിന് കീഴടങ്ങിയത്. കടുത്ത പനിയെ തുടര്‍ന്നായിരുന്നു അദേഹത്തെ ആശുപത്രിയിലെത്തിച്ചത്. യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു.