ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ പേരുകളുടെ ആവര്‍ത്തനം കണ്ടെത്തി തടയാന്‍ 2008 മുതല്‍ നടപ്പാക്കി വന്ന ഡി ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ രണ്ട് വര്‍ഷമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപയോഗിക്കാറില്ലെന്ന് റിപ്പോര്‍ട്ട്. 2022 അവസാനം വാര്‍ഷിക വോട്ടര്‍ പട്ടിക പുതുക്കലിലാണ് (സ്പെഷ്യല്‍ സമ്മറി റിവിഷന്‍) സോഫ്റ്റ്‌വെയര്‍ അവസാനമായി ഉപയോഗിച്ചതെന്നാണ് വിവരം.
2023 ല്‍ പട്ടിക പുതുക്കിയപ്പോള്‍ രാജ്യ വ്യാപകമായി മൂന്ന് കോടിയോളം വ്യാജ പേരുകള്‍ ഒഴിവാക്കിയെന്നാണ് കമ്മിഷന്റെ കണക്ക്. ഒരേ ഫോട്ടോ ആവര്‍ത്തിക്കുന്നതും ഒരാള്‍ ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടറായി എത്തുന്നതും കണ്ടെത്താന്‍ ഉപകരിക്കും. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ പിന്നീടുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലോ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോയെന്ന് കമ്മിഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഹരിയാനയില്‍ വോട്ട് കവര്‍ച്ച ആരോപണമുയര്‍ത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെയാണ് സോഫ്റ്റ്‌വെയര്‍ വീണ്ടും ചര്‍ച്ചയായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 ലക്ഷത്തില്‍പ്പരം വ്യാജ വോട്ടുകള്‍ ചേര്‍ത്തെന്നാണ് രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി ആരോപിച്ചത്.