പട്ന: ബിഹാറില്‍ 121 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 64.66 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 2020 ലെ ഒന്നാംഘട്ട പോളിങ് 56.1 ശതമാനം മാത്രമായിരുന്നു.
വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും കമ്മിഷന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വലിയ നേട്ടമായിട്ടാണ് കാണുന്നത്. 2000 ത്തില്‍ 62.57 ശതമാനം വോട്ട് രേഖപ്പെടുത്തിയതാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പോളിങ്.
അതേസമയം പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് നേട്ടമാണെന്ന അവകാശവാദവുമായി എന്‍ഡിഎയും ഇന്ത്യാ മുന്നണിയും ഒരുപോലെ രംഗത്തെത്തി. എന്‍ഡിഎ വന്‍ലീഡാണ് ആദ്യ ഘട്ടത്തില്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശപ്പെട്ടത്. രണ്ടാം ഘട്ടത്തിലും എന്‍ഡിഎ തരംഗം എല്ലായിടത്തും ദൃശ്യമാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
അതേസമയം ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മഹാസഖ്യത്തിന് ആത്മവിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനത്തിന് നേരെ ഉണ്ടായ ആക്രമണം ഉള്‍പ്പെടെയുള്ള ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
ആര്‍ജെഡിയുടെ തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ, കൂടാതെ നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ മത്സരരംഗത്തുള്ളതിനാല്‍ നിയമസഭാ തിരരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഭരണകക്ഷിയായ എന്‍ഡിഎയ്ക്കും പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിനും ഒരുപോലെ നിര്‍ണായകമായിരുന്നു.
ഈ മാസം 11 ന് നടക്കുന്ന രണ്ടാം ഘട്ടം വോട്ടെടുപ്പില്‍ 122 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 14 നാണ് വോട്ടെണ്ണല്‍.