ശ്രീനഗര്‍: പത്ത് വര്‍ഷത്തിന് ശേഷം ജമ്മു കാശ്മീര്‍ നാളെ പോളിങ് ബൂത്തിലേക്ക്. പുല്‍വാമ, അനന്ത്‌നാഗ്, ഷോപിയാന്‍, ബിജ്‌ബെഹറ തുടങ്ങിയ 24 മണ്ഡലങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുക.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ അടക്കം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ബിജ്‌ബെഹറയില്‍ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി, കുല്‍ഗ്രാമില്‍ മത്സരിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, ദൂരുവില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് മുന്‍ കശ്മീര്‍ പ്രസിഡന്റ് ഗുലാം അഹമ്മദ് മിര്‍ എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.
പത്ത് വര്‍ഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്ന ദക്ഷിണ കാശ്മീരടക്കമാണ് നാളെ പോളിങ് ബൂത്തിലെത്തുന്നത്. പിഡിപി ശക്തി കേന്ദ്രമായ മേഖലയില്‍ ഇക്കുറി പാര്‍ട്ടി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്്. നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ് പ്രധാന വെല്ലുവിളി.
അനന്ത്‌നാഗ്, കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ ജില്ലകളിലായി 16 മണ്ഡലങ്ങളാണ് ദക്ഷിണ കാശ്മീരിലുള്ളത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ബിജെപിക്ക് സ്വാധീനമില്ലാത്ത മേഖലകളാണ്.
ബാരാമുല്ല എം.പി എന്‍ജിനീയര്‍ റാഷിദിന്റെ അവാമി ഇത്തിഹാദ് പാര്‍ട്ടി, കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുമായി അവസാന നിമിഷം സഖ്യമുണ്ടാക്കിയത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്കയായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമില്ലാത്തതിനാല്‍ അവാമി ഇത്തിഹാദ് പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കെയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. രണ്ടാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച ശ്രീനഗറിലെത്തും.