ന്യൂഡല്‍ഹി: സോഫ്റ്റ് വെയര്‍ തകരാറിലായതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാന കമ്പനിയുടെ രാജ്യത്തുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ താറുമാറായി. സോഫ്റ്റ് വെയര്‍ തകരാറുമൂലം ചെക്ക് ഇന്‍ ചെയ്യുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഇതുമൂലം വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ നീണ്ട ക്യൂ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
സാങ്കേതിക തകരാര്‍ എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. 'സാങ്കേതിക തകരാറ് വെബ്സൈറ്റിനെയും ബുക്കിങ് സിസ്റ്റത്തെയും ബാധിക്കുന്നുണ്ട്. ഇതുമൂലം യാത്രക്കാരുടെ ചെക്ക്ഇന്നുകള്‍ മന്ദഗതിയിലായി. ഇത് വിമാനത്താവളങ്ങളില്‍ നീണ്ട ക്യൂവിന് കാരണമായി.'- ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ബുക്കിങ് സംവിധാനത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടത്. ഒരു മണിക്ക് ശേഷം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനായെങ്കിലും ഇപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉപയോക്താക്കള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും തങ്ങളുടെ ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.