ട്രിച്ചി: വലിയൊരു ആശങ്കയ്ക്ക് പരിസമാപ്തി കുറിച്ച് എയര്‍ ഇന്ത്യ വിമാനം ട്രിച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ലാന്‍ഡിങ് ഗിയറിനുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.
141 യാത്രക്കാരുമായി ട്രിച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം രണ്ട് മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഉപയോഗിച്ച് തീര്‍ത്ത ശേഷമാണ് പൈലറ്റ് സുരക്ഷിത ലാന്‍ഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ഏറെ നേരം കഴിഞ്ഞിട്ടും വിമാനം താഴെയിറക്കാന്‍ കഴിയാതിരുന്നത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ട്രിച്ചി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ഇരുപതിലധികം ആംബുലന്‍സുകള്‍ സജ്ജമാക്കുകയും ചെയ്തിരുന്നു. വൈകുന്നേരം 5.40 ന് ഷാര്‍ജയിലേയ്ക്ക് പുറപ്പെട്ട വിമാനമാണിത്.