ഇത് രണ്ടാം അങ്കം: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള അധികാരമേറ്റു; മന്ത്രിസഭയില്‍ ചേരാതെ കോണ്‍ഗ്രസ്

ഇത് രണ്ടാം അങ്കം: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള അധികാരമേറ്റു; മന്ത്രിസഭയില്‍ ചേരാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുമാറ്റിയതിന് ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമര്‍ ചുമതലയേറ്റത്. ഇത് രണ്ടാം തവണയാണ് ഒമര്‍ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നത്.

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിച്ചുകൊണ്ട് തന്നെ അതിന് തുടക്കമാകട്ടേയെന്നും ഒമര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രതികരിച്ചു.

ഒമറിനൊപ്പം നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളായ സകീന മസൂദ്, ജാവേദ് ദര്‍, ജാവേദ് റാണ, സുരിന്ദര്‍ ചൗധരി, സതീഷ് ശര്‍മ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യാ സഖ്യത്തിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ ശ്രീനഗറിലെ ഷേരി-കാശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സത്യാപ്രതിജ്ഞാ ചടങ്ങ് നടന്നത്.

അവസാന നിമിഷമാണ് മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തത്. ആറ് എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഒരെണ്ണം വാഗ്ദാനം ചെയ്തു. ഇതോടെയാണ് തല്‍കാലം മന്ത്രിസഭയില്‍ ചേരാതെ പുറത്ത് നിന്ന് സര്‍ക്കാരിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ഇന്ത്യാ സഖ്യത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് കനിമൊഴി, എന്‍സിപി നേതാവ് സുപ്രിയ സൂലെ, സിപിഐ നേതാവ് ഡി. രാജ, എഎപി നേതാവ് സഞ്ജയ് സിങ് എന്നിവര്‍ പങ്കെടുത്തു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി ലഭിച്ചതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി കാശ്മീര്‍ കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു. 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2014 ല്‍ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.