ത്രിദിന സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ ചാന്‍സലര്‍ ഡല്‍ഹിയിലെത്തി; പ്രധാനമന്ത്രിയുമായി തന്ത്രപ്രധാന ചര്‍ച്ചകളില്‍ പങ്കെടുക്കും

ത്രിദിന സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ ചാന്‍സലര്‍ ഡല്‍ഹിയിലെത്തി; പ്രധാനമന്ത്രിയുമായി തന്ത്രപ്രധാന ചര്‍ച്ചകളില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വ്യാഴാഴ്ച ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പ്രധാന മേഖലകളിലെ തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അദേഹം പങ്കെടുക്കും.

വ്യാഴാഴ്ച രാത്രി വൈകി എത്തിയ ചാന്‍സലറെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി സ്വീകരിച്ചു. പ്രധാനമന്ത്രി മോഡിയുടെ ക്ഷണപ്രകാരം ഒക്ടോബര്‍ 24 മുതല്‍ 26 വരെ ഷോള്‍സ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പ്രതിരോധം, വ്യാപാരം, ശുദ്ധ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിപുലമായ ചര്‍ച്ചകളാകും ഇരു നേതാക്കളും നടത്തുക.

ഉഭയകക്ഷി ബന്ധം അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള 'ഫോക്കസ് ഓണ്‍ ഇന്ത്യ' എന്ന സുപ്രധാന രേഖ ജര്‍മ്മന്‍ കാബിനറ്റ് അടുത്തിടെ അംഗീകരിച്ചിട്ടുണ്ടെന്നും ജര്‍മ്മനിയിലെ ചാന്‍സലറും അഞ്ച് ഫെഡറല്‍ മന്ത്രിമാരും ന്യൂഡല്‍ഹിയിലെത്തുമ്പോള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യത്തിന് നിരവധി കാര്യങ്ങളുണ്ടായിരിക്കുമെന്നും ജര്‍മ്മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.