ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ധാരണ പ്രകാരം ബുധനാഴ്ചയോടെ ഇരു ഭാഗത്തെയും സൈനിക പിന്‍മാറ്റം പൂര്‍ത്തിയാകും. ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക്ക് മേഖലകളില്‍ നിന്ന് മാത്രമെന്ന് സൈനിക പിന്‍മാറ്റമെന്ന് കരസേന വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കൂടുതല്‍ സൈനികരെ പിന്‍വലിച്ച് മുന്‍പ് ഉണ്ടായിരുന്ന രീതിയില്‍ നിയന്ത്രണ മേഖലയിലെ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടായത്. ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും നിരവധി ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്.
ഇതുപ്രകാരം ഇരുവശങ്ങളില്‍ നിന്നുമായി സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കും. കൂടാതെ താല്‍കാലികമായി നിര്‍മിച്ച ടെന്റുകള്‍ പൂര്‍ണമായി പൊളിച്ചു മാറ്റും. ഈ മാസം 28, 29 തിയതികളോടെ സൈനിക പിന്‍മാറ്റം പൂര്‍ത്തിയാകുമെന്നാണ് കരസേന വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതിന് ശേഷമായിരിക്കും ഇരുവശങ്ങളിലും പട്രോളിങ് നടത്തുക. ഏതെല്ലാം മേഖലകളിലാണ് പട്രോളിങ് സംഘമെത്തുക, ഏത് സമയത്താണ് എത്തുക, സംഘത്തില്‍ എത്ര പേര്‍ ഉണ്ടാകുമെന്നതുള്‍പ്പെടയെുളള കാര്യങ്ങള്‍ ഇരു സൈന്യവും പരസ്പരം അറിയിക്കും.
താല്‍കാലിക നിര്‍മിതികള്‍ പൊളിച്ചു മാറ്റുന്നതുള്‍പ്പെടയുള്ള കാര്യങ്ങള്‍ കമാന്‍ഡര്‍ തലത്തില്‍ പരിശോധന നടത്തും. സുരക്ഷ ഉറപ്പു വരുത്തിയ ശേഷം മാത്രമായിരിക്കും പട്രോളിങ് പുനരാരംഭിക്കുക.