ജയ്പുര്‍: രാജസ്ഥാനില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. ജയ്പുരിലെ നീരജ മോഡി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അമൈറയാണ് (9) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചത്. പെണ്‍കുട്ടി കെട്ടിടത്തിലെ ഗോവണിക്ക് സമീപത്തെ കൈവരിയില്‍ കയറുന്നതും പിന്നാലെ താഴേക്ക് ചാടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഏകദേശം 47 അടി ഉയരത്തില്‍ നിന്നാണ് വീണത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം പൊലീസ് സംഘം എത്തിയപ്പോഴേക്കും പെണ്‍കുട്ടി വീണ സ്ഥലം സ്‌കൂള്‍ അധികൃതര്‍ വൃത്തിയാക്കിയിരുന്നതായാണ് വിവരം. സ്ഥലത്ത് ചോരപ്പാടുകളോ മറ്റോ കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മരണത്തില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും പങ്ക് അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അമൈറയുടെ പിതാവ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മാതാവ് ബാങ്ക് ജീവനക്കാരിയും. ഇവരുടെ ഏകമകളാണ് ഒന്‍പത് വയസുകാരിയായ അമൈറ.
അതേസമയം സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയിട്ടും നീരജ മോഡി സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രിന്‍സിപ്പലിനെ ഫോണില്‍ വിളിച്ചിട്ടും കോള്‍ എടുത്തില്ലെന്നും വിദ്യാഭ്യാസ ഓഫീസര്‍ ആരോപിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.