ന്യൂഡല്‍ഹി: കേരളത്തിന് നല്‍കാനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. സംസ്ഥാനത്തെ സ്‌പെഷ്യല്‍ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
സ്‌പെഷ്യല്‍ നിയമനം നടത്താനാകാത്തത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവെച്ചത് മൂലമാണെന്ന് കേരളം നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫണ്ട് നല്‍കാന്‍ സന്നദ്ധരാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയാണ് തീരുമാനം സുപ്രീം കോടതിയെ അറിയിച്ചത്.
സ്‌പെഷല്‍ അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി 31 നകം അറിയിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതിന് ശേഷമാകും കേസ് വീണ്ടും പരിഗണിക്കുക. സംസ്ഥാനം പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കരാര്‍ മരവിപ്പിച്ച സാഹചര്യത്തില്‍ എസ്എസ്എ ഫണ്ട് ഉടന്‍ കിട്ടുമോയെന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനിന്നിരുന്നു.
ഇതോടെ കേരളത്തിന് അര്‍ഹതപ്പെട്ട പണം കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.