പട്‌ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. കലാശക്കൊട്ട് അവസാനിച്ചതോടെ നിശബ്ദ പ്രചരണം ആരംഭിച്ചു. വ്യാഴാഴ്ച ജനവിധി തേടുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. പട്‌ന, വൈശാലി, മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച് തുടങ്ങിയ പ്രദേശങ്ങള്‍ ഒന്നാംഘട്ടത്തില്‍ വിധിയെഴുതും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡും) ബിജെപിയും നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യവും (എന്‍.ഡി.എ), രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യവും (ഇന്ത്യ ബ്ലോക്ക്) തമ്മിലാണ് പ്രധാന പോരാട്ടം.
വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടര്‍ച്ച എന്നിവയ്ക്ക് എന്‍ഡിഎ ഊന്നല്‍ നല്‍കിയപ്പോള്‍, മഹാസഖ്യം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ആശ്വാസവും പ്രധാന വിഷയമാക്കി. 'മായി ബഹിന്‍ മാന്‍ യോജന' പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം, സ്ത്രീ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള അവസാന ദിവസത്തെ പ്രധാന പ്രചാരണ വാഗ്ദാനമായിരുന്നു.
നവംബര്‍ 14 നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍. മഹാ സഖ്യത്തിന്റെ തൊഴിലധിഷ്ഠിത പ്രചാരണമാണോ എന്‍.ഡി.എയുടെ ഭരണനേട്ട പ്രചാരണമാണോ കൂടുതല്‍ വിജയിച്ചത് എന്നത് അന്തിമ ഫലത്തില്‍ വ്യക്തമാകും.