സ്വർഗ്ഗത്തിൻ്റെ വാതിൽ
തുറന്ന് ഇട്ടിരിക്കുകയാണ്
വിശുദ്ധിയുണ്ടെങ്കിൽ ആർക്കും
സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാം.
ഒരുനാൾ ഒരു കള്ളൻ
ആകാശത്തിനും
ഭൂമിക്കുമിടയിൽ തൂങ്ങി കിടന്ന്
ഞാൻ കള്ളൻ തന്നെയാണെന്നും
ഞാൻ അർഹിച്ച ശിക്ഷ
തന്നെയാണിതെന്നും
ചങ്കുതുറന്ന് പറഞ്ഞപ്പോൾ
തുറന്ന് കിടക്കുന്ന
സ്വർഗ്ഗത്തിൻ്റെ
വാതിൽ കണ്ടു......
ഒരു നാൾ ഒരു കട്ടുറുമ്പ്
സ്വർഗ്ഗത്തിലേക്കുള്ള
വഴി അന്വേഷിച്ചു.
ഉറുമ്പ് റാണിയോട് ചോദിച്ചു,
അറിയില്ല എന്നുത്തരം ....
സ്വർഗ്ഗത്തെ പറ്റി ആരും
ഒന്നും പറഞ്ഞില്ല
കട്ടുറുമ്പ് കാടും പുഴയും കടന്ന്
സ്വർഗ്ഗം തേടിയലഞ്ഞു
ഒടുവിൽ
വിശന്നുവലഞ്ഞ കട്ടുറുമ്പ്
ഇടുങ്ങിയ വഴിയിലൂടെ
നടന്ന് നടന്ന്
വേലിയില്ലാത്ത
തുറന്ന വാതിലും
തെളിഞ്ഞ വെളിച്ചവുമുള്ള
ഒറ്റമുറിക്കുള്ളിലേക്ക്
എത്തി നോക്കി.....
പ്രണയിക്കുന്നവരെ കണ്ടു ,
എൺപത്തി ഒന്നാം
സങ്കീർത്തനങ്ങളുടെ
മുഴക്കം കേട്ടു,
പഴഞ്ചൊല്ല് തിരുത്തണം,
അവർ പ്രണയിക്കട്ടെ.
ഞാനെന്തിന് സ്വർഗ്ഗത്തിലെ
കട്ടുറുമ്പാകണം.....
പിന്നെ,
സ്വർഗ്ഗം കണ്ട് കട്ടുറുമ്പ്
കാട്ടിലേക്ക് തിരിച്ച്
നടന്നു....
സ്വർഗ്ഗത്തിൻ്റെ വാതിൽ
തുറന്നു തന്നെ കിടന്നു..