തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടത്തില്‍ ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും നിര്‍ദേശം. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ ജോസിന്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നിര്‍ദേശം. പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.
കേസിലെ രണ്ടാം പ്രതിയാണ് ഡ്രൈവര്‍ ജോസ്. അപകട സമയത്ത് ഒന്നാം പ്രതിയും ക്ലീനറുമായ അലക്സായിരുന്നു ലോറി ഓടിച്ചിരുന്നത്. ഇരുവരും കണ്ണൂര്‍ ആലക്കോട് സ്വദേശികളാണ്. റോഡിനരികില്‍ ഉറങ്ങിക്കിടന്നിരുന്ന നാടോടികളുടെ ദേഹത്തേക്ക് തടിലോറി പാഞ്ഞുകയറിയായിരുന്നു അപകടം. അപകടത്തില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്.
കണ്ണൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. 10 പേര്‍ അടങ്ങുന്ന നാടോടി സംഘമാണ് റോഡരികില്‍ കിടന്നിരുന്നത്. മദ്യലഹരിയില്‍ ക്ലീനറായിരുന്നു വാഹനമോടിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്യുകയും ഇരുവരും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. നവംബര്‍ 26ന് പുലര്‍ച്ചെയായിരുന്നു അപകടം. പാലക്കാട് ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് മരിച്ചത്.