കൊച്ചി: സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ ചേര്‍ത്തു പിടിച്ച് അവസരോചിതമായി സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍ സഞ്ചരിക്കുന്ന ദേവാലയങ്ങളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
സീറോ മലബാര്‍ സഭയുടെ സാമൂഹ്യ പ്രേഷിത പ്രസ്ഥാനമായ 'സ്പന്ദന്‍' ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സ്‌പോണ്‍സര്‍ ചെയ്യുന്ന എഴുപത്തി അയ്യായിരം രൂപ കാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന സോഷ്യല്‍ മിനിസ്ട്രി അവാര്‍ഡിന് രൂപതാ വൈദികരുടെ വിഭാഗത്തില്‍ പാലാ രൂപതയിലെ ഫാ. തോമസ് കിഴക്കേല്‍ അര്‍ഹനായി.
സന്യസ്ത വിഭാഗത്തില്‍ ചങ്ങനാശേരി അതിരൂപതയിലെ ഏറ്റുമാനൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ച്ചനാ വിമന്‍സ് സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു, അത്മായരുടെ വിഭാഗത്തില്‍ പാലക്കാട് രൂപതയിലെ കൊട്ടേക്കാട് പ്രവര്‍ത്തിച്ചു വരുന്ന സ്‌നേഹ ജ്വാല ട്രസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ എന്‍.എം എന്നിവര്‍ അര്‍ഹരായി.
സമൂഹത്തില്‍ സാമ്പത്തികമായി ഏറ്റവും അവശതയനുഭവിക്കുന്നവര്‍ക്കായി തങ്ങള്‍ ചെയ്തു വരുന്ന ഈ സേവനം കൂടുതല്‍ തീക്ഷ്ണമായി നിര്‍വ്വഹിക്കുന്നതിന് സോഷ്യല്‍ മിനിസ്ട്രി അവാര്‍ഡ് പ്രചോദനമേകുമെന്ന് അവാര്‍ഡ് ജേതാക്കള്‍പ്രതികരിച്ചു. 'സ്പന്ദന്‍' ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. ജേക്കബ് മാവുങ്കല്‍ സ്വാഗതവും സജോ ജോയി നന്ദിയുംപറഞ്ഞു.