പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാര്‍ച്ച്. ഇരുന്നൂറോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരാണ് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ സംഘര്‍ഷത്തിലെത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
രാഹുല്‍ മോശമായി പെരുമാറിയെന്ന് സ്ത്രീകള്‍ പരാതികള്‍ ഉന്നയിച്ച സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പാലക്കാട് കോട്ട മൈതാനത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്കുള്ള വഴിയില്‍ വെച്ച് ബാരിക്കേഡ് വെച്ച് പൊലീസ് ആദ്യം തടഞ്ഞു.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാല്‍, ഇത് വക വെയ്ക്കാതെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് എംഎല്‍എയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു. രാഹുലിനെതിരേ ഉയര്‍ന്ന ആരോപണങ്ങളോട് മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞ് ഒരു മണിക്കൂറിനകമായിരുന്നു രാജി പ്രഖ്യാപനം.
ബുധനാഴ്ച വൈകീട്ട് യുവ നടി റിനി ആന്‍ ജോര്‍ജ്, രാഹുലിന്റെ പേര് പറയാതെ ഉയര്‍ത്തിയ സൂചനകള്‍ക്ക് പിന്നാലെ എഴുത്തുകാരി ഹണി ഭാസ്‌കര്‍, രാഹുലിന്റെ പേര് പരാമര്‍ശിച്ച് ദുരനുഭവം വെളിപ്പെടുത്തിയതോടെ കോണ്‍ഗ്രസ് അപ്പാടേ സമ്മര്‍ദത്തിലായി.
മറ്റൊരു സ്ത്രീയോട് ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശത്തിലെ വ്യക്തി രാഹുലാണെന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിച്ചു. പിന്നാലെ കൂടുതല്‍ ആരോപണങ്ങളും ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിച്ചതോടെ താന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചതായി രാഹുല്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.