'ഏഷ്യയിലെ ചൈനീസ് ആധിപത്യത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ വേണം, പിണക്കരുത്': ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹേലി

'ഏഷ്യയിലെ ചൈനീസ് ആധിപത്യത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ വേണം, പിണക്കരുത്': ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹേലി

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക അമിത താരിഫുകള്‍ ചുമത്തിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയിലെ മുന്‍ യു.എസ് അംബാസഡര്‍ നിമ്രത നിക്കി രണ്‍ധാവ ഹേലി.

ചൈനയുടെ ആഗോള അഭിലാഷങ്ങളെ തടയാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം പഴയ പടിയാക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

'ചൈനയെപ്പോലെ ഒരു ശത്രുവായി ഇന്ത്യയെ കാണരുത്. താരിഫുകളുടെ വിഷയമോ, ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിലെ അമേരിക്കന്‍ ഇടപെടലോ, ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാനുള്ള കാരണമാകരുത്. ട്രംപ് ഭരണകൂടം അതിന് അനുവദിക്കരുത്'- ന്യൂസ് വീക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഹേലി വ്യക്തമാക്കി.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ചിരുന്നെങ്കിലും അദേഹത്തിന്റെ കടുത്ത വിമര്‍ശകയാണ് ഹേലി. ട്രംപിന്റെ ആദ്യ ഭരണ കാലത്ത് 2017 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെ ഐക്യരാഷ്ട്ര സഭയിലെ 29-ാമത് യുഎസ് അംബാസഡറായിരുന്നു നിക്കി ഹേലി. ഒരു പ്രസിഡന്‍ഷ്യല്‍ കാബിനറ്റില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കക്കാരി ആയിരുന്നു അവര്‍.

ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നിരവധി സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ഇതിനകം ചുമത്തിയ 25 ശതമാനം തീരുവയ്ക്ക് പുറമെ, റഷ്യന്‍ എണ്ണ വാങ്ങിയതിന് 25 ശതമാനം അധിക താരിഫും ട്രംപ് ഭരണകൂടം ചുമത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും ചൈനയുടെ ഉയര്‍ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ സംഭവമാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നും ഹേലി പറഞ്ഞു. ആഗോളക്രമം മാറ്റിയെഴുതാനുള്ള ചൈനയുടെ നീക്കത്തിനുള്ള ഏറ്റവും വലിയ തടസങ്ങളിലൊന്നാണ് ഇന്ത്യയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പ്രതിരോധ മേഖലയില്‍ ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ സഖ്യകക്ഷികളുമായി ഇന്ത്യയ്ക്കുള്ള വികസിച്ചു വരുന്ന സൈനിക ബന്ധത്തെക്കുറിച്ചും ഹേലി വ്യക്തമായ അഭിപ്രായം മുന്നോട്ടു വെച്ചു. ഇന്ത്യയെ, യുഎസ് പ്രതിരോധ ഉപകരണങ്ങള്‍ക്കുള്ള ഒരു നിര്‍ണായക വിപണിയാക്കുക മാത്രമല്ല, ഈ കൂട്ടുകെട്ട് സ്വതന്ത്ര ലോകത്തിന്റെ സുരക്ഷയ്ക്ക് ഒരു മുതല്‍ക്കൂട്ടാവുമെന്നും അവര്‍ പറഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ പ്രാധാന്യം ഇതിലും വലുതാണ്. മനുഷ്യരാശിയുടെ ആറിലൊന്നില്‍ കൂടുതല്‍ ജനങ്ങളുള്ള ഇന്ത്യ, 2023 ല്‍ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. ചൈനയിലെ പ്രായമാകുന്ന തൊഴിലാളികളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യക്ക് യുവ തൊഴില്‍ ശക്തിയുണ്ട്.

ഏഷ്യയിലെ ചൈനീസ് ആധിപത്യത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഏക രാജ്യമായ ഇന്ത്യയുമായുള്ള 25 വര്‍ഷത്തെ ബന്ധം തകര്‍ക്കുന്നത് ഒരു തന്ത്രപരമായ ദുരന്തമായിരിക്കുമെന്ന് നിക്കി ഹേലി മുന്നറിയിപ്പ് നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.