ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത; സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത; സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് 48 മണിക്കൂറിനുള്ളില്‍ തമിഴ്നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തിപ്രാപിച്ചേക്കും. 18 ന് നാല് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിലവില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ പടിഞ്ഞാറ് ദിശയില്‍ നീങ്ങി ദുര്‍ബലമാകാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.