മരിച്ചത് മധുവിധു യാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നവദമ്പതികളും ഇരുവരുടെയും പിതാക്കന്‍മാരും
പത്തനംതിട്ട: കോന്നിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി. ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പുലര്‍ച്ചെ നാലോടെയാണ് അപകടം.
അനുവും നിഖിലും ദമ്പതികളാണ്. ഇക്കഴിഞ്ഞ നവംബര്‍ മുപ്പതിനായിരുന്നു ഇവരുടെ വിവാഹം. മലേഷ്യയില്‍ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു ദമ്പതികള്‍. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും മത്തായി ഈപ്പനും. കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹ ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍.
അനുവിന്റെ പിതാവാണ് ബിജു. മത്തായി ഈപ്പന്‍ നിഖിലിന്റെ പിതാവാണ്. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. അനുവിനെ നാട്ടുകാര്‍ ഉടന്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആന്ധ്രയില്‍ നിന്നുളള അയ്യപ്പഭക്തരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മാരുതി സ്വിഫ്റ്റ് കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുളളവരെ പുറത്തെടുത്തത്. പത്തനംതിട്ട എസ്.പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇവിടെ സ്ഥിരം അപകടമേഖല ആണെന്ന് നാട്ടുകാര്‍ പറയുന്നു.