'കേന്ദ്ര നിലപാടിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന് വരണം'.
കാസര്‍കോട്: വയനാട് ദുരന്തത്തില്‍ സഹായം നിഷേധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ സഹായം നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ നിലപാടാണ് കേരളത്തോട് കാണിക്കുന്നത്.
ഒരു സംസ്ഥാനത്തോടും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. കേരളവും രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കാന്‍ പാടില്ലെന്നും കേന്ദ്ര നിലപാടിനെതിരെ നമ്മുടെ നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
2025 നവംബര്‍ ഒന്നാകുമ്പോള്‍ കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ അതിദരിദ്രാവസ്ഥയില്‍ നിന്ന് മുക്തമാക്കാന്‍ നമുക്ക് കഴിയും. അത് അന്ന് പ്രഖ്യാപിക്കാന്‍ കഴിയും. ഇതിന് കഴിയുന്നത് ബദല്‍ നയം നടപ്പാക്കുന്നത് കൊണ്ടാണ്. ഈ കേരളത്തെയാണ് ശ്വാസം മുട്ടിക്കാനും സാമ്പത്തികമായി ഞെരുക്കാനുമുള്ള ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അതിനിടെ, വയനാട് ദുരന്തത്തില്‍ ഹെലികോപ്ടര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നാണ് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.