മലപ്പുറം: നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസിൽ ജാമ്യം ലഭിച്ച പി. വി അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി. 18 മണിക്കൂറാണ് അന്‍വര്‍ ജയിലില്‍ കിടന്നത്. ജാമ്യ ഉത്തരവ് തവനൂർ ജയില്‍ സൂപ്രണ്ടിന് ഹാജരാക്കിയതിനെ തുടർന്നാണ് അന്‍വറിന് ഇന്ന് തന്നെ ജയിലില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചത്.
അൻവറിനെ ഡിഎംകെ പ്രവര്‍ത്തകര്‍ ജയിലിന് പുറത്ത് അന്‍വറിനെ മധുരം നല്‍കിയാണ് സ്വീകരിച്ചത്. ജയലിന് പുറത്തെത്തിയ അന്‍വർ ദൈവത്തിന് നന്ദി പറഞ്ഞു. യുഡിഎഫ് ധാർമിക പിന്തുണ നല്‍കി. ആവശ്യമെങ്കില്‍ യുഡിഎഫുമായി കൈകോർക്കുമെന്നും അന്‍വർ പറഞ്ഞു. ജയിലില്‍ ലഭിച്ചത് വ്യക്തിപരമായി കഴിക്കാന്‍ താല്‍പര്യമില്ലാത്ത ഭക്ഷണമായതിനാല്‍ ഒന്നും കഴിച്ചില്ലെന്നും എംഎല്‍എ അറിയിച്ചു.
ഭരണകൂട ഭീകരതയ്‌ക്കെതിരെയും പിണറായിയുടെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകും. വന്യമൃഗ ശല്യം നേരിടുന്ന മലയോര കർഷകർക്കായുള്ള പോരാട്ടം കർഷക സംഘങ്ങളെയും തിരുമേനിമാരെയും കൂട്ടി തുടരും. വന നിയമ ഭേദഗതി നിയമസഭയിൽ പാസാക്കാൻ അനുവദിക്കില്ലെന്നും പി.വി അൻവർ പറഞ്ഞു.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവുമായി ബന്ധപ്പെട്ടാണ് അൻവറിനെ കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇന്ന് അന്‍വറിന്റെ ജാമ്യ ഹർജി പരിഗണിച്ച നിലമ്പൂര്‍ കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി ജാമ്യം അനുവദിക്കുകയായിരുന്നു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. 35000 രൂപ പൊതുമുതല്‍ നശിപ്പിച്ചതിന് കെട്ടിവെയ്ക്കണം, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.