അനധികൃത സ്വത്ത് സമ്പാദന കേസില്‍ അജിത് കുമാറിന് തിരിച്ചടി; സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ് വിജിലന്‍സ് കോടതി തള്ളി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അജിത് കുമാറിന് തിരിച്ചടി; സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ് വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് വിജിലന്‍സ് കോടതി തള്ളി.

അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജു നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാര്‍ സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചു. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വിലയിരുത്തിയ കോടതി ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളുകയും പരാതിക്കാരന്റെ മൊഴിയെടുക്കാനും തീരുമാനിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അജിത് കുമാറിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് നാഗരാജു ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം അജിത് കുമാറിനെതിരേ വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച കോടതി അന്വേഷണം പൂര്‍ണമല്ലെന്ന് കാണിച്ച് തള്ളുകയായിരുന്നു.

ഇനി നെയ്യാറ്റിന്‍കര നാഗരാജുവിന്റെ മൊഴി വിജിലന്‍സ് കോടതി രേഖപ്പെടുത്തും. അതിനു ശേഷം അജിത് കുമാറിനെതിരേ പുതിയ അന്വേഷണം വേണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. കോടതിയുടെ വിശദമായ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ എന്തൊക്കെ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തള്ളിയതെന്ന് വ്യക്തമാവുകയുള്ളൂ.

നേരത്തേ കവടിയാറിലെ ആഡംബര വീട് നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ച് മുന്‍ എം.എല്‍.എ പി.വി അന്‍വറാണ് അജിത് കുമാറിനെതിരേ ആദ്യം ആരോപണങ്ങളുടെ കെട്ടഴിച്ചത്. ഇതേ തുടര്‍ന്ന് അജിത് കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അജിത് കുമാറിനെതിരേ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ആരോപണം തെളിയിക്കാന്‍ കഴിയില്ല, വീട് നിര്‍മാണമടക്കമുള്ള കാര്യങ്ങളില്‍ രേഖകളെല്ലാം കൃത്യമാണ് എന്നായിരുന്നു വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതാണ് വിജിലന്‍സ് കോടതി തള്ളിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.