നിലമ്പൂര്‍: ജാമ്യം ലഭിച്ച പി.വി അന്‍വര്‍ എംഎല്‍എ മലപ്പുറം ഒതായിലെ വീട്ടില്‍ മടങ്ങിയെത്തി.18 മണിക്കൂര്‍ ജയില്‍ വാസത്തിന് ശേഷം മടങ്ങിയെത്തിയ അന്‍വറിനെ വലിയ ആവേശത്തോടെയാണ് ഡിഎംകെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് നന്ദി എന്ന് പി.വി അന്‍വര്‍ പ്രതികരിച്ചു. അറസ്റ്റ് ചെയ്തത് കൊണ്ട് താന്‍ ഉന്നയിക്കുന്ന വിഷയം ജനങ്ങള്‍ അറിയാന്‍ കാരണമായെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോടതി ഇടപെടല്‍ കാരണം സര്‍ക്കാരിന്റെ ഗൂഡ ലക്ഷ്യം നടന്നില്ല. പിണറായി കാലത്തെ ജയില്‍ അനുഭവം അത്ര നല്ലത് അല്ലായിരുന്നു. ഒരു ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്ന് ജീവനോടെ പുറത്ത് ഇറങ്ങാനായത് ഭാഗ്യമായാണ് കാണുന്നത്. അറസ്റ്റ് ചെയ്ത നടപടിക്കെതിരെ യുഡിഎഫ് നേതാക്കള്‍ നല്‍കിയ പിന്തുണ പിണറായി വിജയനെ പുറത്താക്കുന്നത്തിനായുള്ള അടുത്ത മുന്നേറ്റങ്ങളിലും വേണമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം യുഡിഎഫ് നേതാക്കളെ വിളിച്ച് പിന്തുണയ്ക്ക് നന്ദി പറഞ്ഞു. പ്രതിപക്ഷ നേതാവിനെയും കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, രമേശ് ചെന്നിത്തല എന്നിവരെയെല്ലാം ബന്ധപ്പെട്ടു. ബിഷപ്പുമാരെയും വിളിച്ചു. പിന്തുണ നല്‍കിയ യുഡിഎഫ് നേതാക്കളെ നേരില്‍ കാണുമെന്നും അന്‍വര്‍ പറഞ്ഞു.
നിയമസഭയില്‍ വന നിയമഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ പാടില്ല. അതിനെതിരായ ജനകീയ പ്രക്ഷോഭം ഉണ്ടാകണമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയ പി.വി അന്‍വര്‍ എംഎല്‍എ ഇന്ന് പുതിയ സമര പരിപാടികള്‍ പ്രഖ്യാപിക്കും. രാവിലെ അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.