ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷ പരിഗണിക്കും

 ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷ പരിഗണിക്കും

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും. വയനാട്ടില്‍ നിന്ന് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂരിനെ രാത്രിയോടെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
പ്രത്യേക പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ലോക്കപ്പിലാക്കി.

പുലര്‍ച്ചെ അഞ്ചോടെ വീണ്ടും ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ബോബി ചെമ്മണൂരിന് വേണ്ടി അഡ്വ. ബി. രാമന്‍പിള്ള ഹാജരാകും. നടി ഹണി റോസിനെതിരെ നടത്തിയത് ദ്വയാര്‍ത്ഥ പ്രതികരണമെന്നും മോശമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. യാതൊരു കുറ്റബോധമില്ല. മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ പോകുമ്പോഴാണ് പൊലീസ് പിടികൂടിയതെന്നും ബോബി ചെമ്മണൂര്‍ കൂട്ടിച്ചേര്‍ത്തു.

കേസിലെ പരാതിക്കാരിയായ നടി ഹണിറോസിന്റെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് ഹണി റോസ് രണ്ട് മണിക്കൂറോളം രഹസ്യമൊഴി നല്‍കിയത്. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ബോബി ചെമ്മണൂര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം. 2024 ഓഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ നടിയെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാര്‍ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്ഐആര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.