ചെന്നൈ: അപകട സമയത്ത് വാഹനമോടിച്ചയാള്‍ മദ്യപിച്ചിരുന്നു എന്നതുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിയാന്‍ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതി. രണ്ട് വര്‍ഷം മുന്‍പ് കേരള ഹൈക്കോടതി പുറപ്പെടുവിച്ച സമാനവിധി ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് എം. ദണ്ഡപാണിയുടെ ഉത്തരവ്.
അശ്രദ്ധമായി ഓടിച്ച വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. 37 വയസുള്ള കുടുംബനാഥന്റെ മരണത്തില്‍ 65 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 27,65,300 രൂപ നല്‍കാനാണ് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ ഉത്തരവിട്ടത്.
വണ്ടി ഓടിച്ചയാള്‍ അപകടം നടന്നപ്പോള്‍ മദ്യപിച്ചിരുന്നെന്ന് ചൂണ്ടിക്കാണിച്ച ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനിയെ ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരേയാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നഷ്ടപരിഹാരം 30,25,000 രൂപയായി വര്‍ധിപ്പിച്ച കോടതി അധികം വരുന്ന പണം ഇന്‍ഷുറന്‍സ് കമ്പനി കെട്ടിവെക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു.