ചരിത്രമെഴുതി ദ്രൗപദി മുര്‍മു: റഫാല്‍ യുദ്ധ വിമാനത്തില്‍ പറക്കുന്ന ആദ്യത്തെ രാഷ്ട്രപതി

ചരിത്രമെഴുതി ദ്രൗപദി മുര്‍മു: റഫാല്‍ യുദ്ധ വിമാനത്തില്‍ പറക്കുന്ന ആദ്യത്തെ രാഷ്ട്രപതി

അംബാല: റഫാല്‍ യുദ്ധ വിമാനത്തില്‍ പറന്നുയര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഹരിയാനയിലെ അംബാല എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നാണ് റഫാല്‍ യുദ്ധ വിമാനത്തില്‍ രാജ്യത്തിന്റെ സര്‍വ സൈന്യാധിപ കൂടിയായ രാഷ്ട്രപതി പരിശീലന പറക്കല്‍ നടത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി റഫാലില്‍ പറക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയപ്പോള്‍ ഭീകര ക്യാമ്പുകള്‍ നശിപ്പിക്കുന്നതായി റഫാല്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നത് ഇവിടെ നിന്നായിരുന്നു.

എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ് ഉള്‍പ്പെടെയുള്ളവരുടെ സന്നിധ്യത്തിലായിരുന്നു മുര്‍മു റഫാല്‍ യുദ്ധവിമാനത്തില്‍ പരിശീലന പറക്കല്‍ നടത്തിയത്. ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി മുര്‍മു യുദ്ധ വിമാനത്തില്‍ സഞ്ചരിക്കുന്നത്.

2023 ഏപ്രില്‍ എട്ടിന് സുഖോയ് 30 എം.കെ.ഐ യുദ്ധ വിമാനത്തില്‍ രാഷ്ട്രപതി സഞ്ചരിച്ചിരുന്നു. അന്ന് അസമിലെ തേസ്പുര്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്നായിരുന്നു പറക്കല്‍. സുഖോയ് 30 യുദ്ധ വിമാനത്തില്‍ പറന്ന മൂന്നാമത്തെ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമാണ് മുര്‍മു. നേരത്തെ രാഷ്ട്രപതിമാരായ എപിജെ അബ്ദുള്‍ കലാമും പ്രതിഭാ പാട്ടീലും സുഖോയില്‍ യാത്ര ചെയ്തിരുന്നു.

ഫ്രഞ്ച് എയ്റോസ്പേസ് കമ്പനിയായ ദസൊ ഏവിയേഷന്‍ നിര്‍മ്മിച്ച റഫാല്‍ യുദ്ധ വിമാനങ്ങള്‍ 2020 സെപ്റ്റംബറിലാണ് ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമായത്. ഗോള്‍ഡന്‍ ആരോസ് എന്ന 17 സ്‌ക്വാഡ്രന്റെ ഭാഗമാണ് അവ. 'ഓപ്പറേഷന്‍ സിന്ദൂര്‍' ദൗത്യത്തില്‍ ഇന്ത്യ റഫാല്‍ വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.