ലാഹോര്‍: പാകിസ്ഥാനില്‍ സൈനികത്താവളത്തിന് നേരെ ചാവേര്‍ ആക്രമണം. ടാങ്ക് ജില്ലയിലെ ജന്‍ഡോള സൈനിക താവളത്തിലാണ് ആക്രമണം നടന്നത്. ഒമ്പതോളം ഭീകരറെ പാകിസ്ഥാന്‍ സൈന്യം വധിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തെഹ്റീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
വാഹനത്തില്‍ ചാവേറായെത്തിയ ഭീകരന്‍ ക്യാമ്പിന് സമീപത്തുവെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ചാവേര്‍ സ്ഫോടനത്തിന് പിന്നാലെ ഭീകരര്‍ വെടിയുതിര്‍ത്തു. ശക്തമായ വെടിവെപ്പാണ് പ്രദേശത്ത് നടന്നതെന്നാണ് സൂചന. അതേസമയം ജന്‍ഡോള ചെക്ക്പോസ്റ്റ് ആക്രമിക്കാനുള്ള ഭീകരരുടെ ശ്രമം പാകിസ്ഥാന്‍ സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞു.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വെച്ച് ട്രെയിന്‍ റാഞ്ചിയതിന് പിന്നാലെയാണ് രാജ്യത്ത് ചാവേറാക്രമണം ഉണ്ടായത്. ട്രെയിന്‍ റാഞ്ചിയതിന് പിന്നാലെ ബന്ദികളാക്കിയ യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവന്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലായിരുന്നു. ഏറ്റുമുട്ടലില്‍ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. ഇതിനിടെ 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
500 ഓളം യാത്രക്കാരുമായി ക്വറ്റയില്‍ നിന്ന് പുറപ്പെട്ട ജാഫര്‍ എക്സ്പ്രസാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി റാഞ്ചിയത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് റെയില്‍ പാളം തകര്‍ത്താണ് ട്രെയിന്‍ റാഞ്ചിയത്. ജയിലിലടക്കപ്പെട്ട തീവ്രവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎല്‍എയുടെ ആവശ്യം.