സോള്‍: ഇന്ത്യയുമായി ഉടന്‍ വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (അപെക്) സിഇഒ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
'ഞാന്‍ ഉടന്‍ ഇന്ത്യയുമായി ഒരു വ്യാപാര കരാര്‍ ഉണ്ടാക്കുന്നുണ്ട്. എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വലിയ ബഹുമാനവും സ്നേഹവുമുണ്ട്. ഞങ്ങള്‍ തമ്മില്‍ മികച്ച ഒരു ബന്ധമാണുള്ളത്'- ട്രംപ് പറഞ്ഞു.
മോഡി കാണാന്‍ നല്ല മനുഷ്യനാണ്. എന്നാല്‍ അദേഹം ഒരു കണിശക്കാരനാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വ്യവസായ പ്രമുഖരുമായി നടത്തിയ ഉച്ച വിരുന്നില്‍ ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ ഒരു 'യുദ്ധം' താന്‍ ഒഴിവാക്കിയത് വ്യാപാരത്തിന്റെ പേരില്‍ അവരെ സമ്മര്‍ദ്ദത്തിലാക്കിയാണെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടു.