ബാഗ്ദാദ്: ഐഎസ് നേതാവ് അബു ഖദീജ എന്ന അബ്ദുള്ള മക്കി മുസ്ലേഹ് അല്‍-റിഫായ് കൊല്ലപ്പെട്ടു. ഇറാഖ്-യുഎസ് സംയുക്ത ഓപ്പറേഷനിലാണ് അബു ഖദീജ കൊല്ലപ്പെട്ടതെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനി സ്ഥിരീകരിച്ചു. ഇറാഖിലെയും സിറിയയിലെയും ഐഎസ് നേതാവായ അബു ഖദീജ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരരില്‍ ഒരാള്‍ എന്നാണ് അറിയപ്പെടുന്നത്.
ഇറാഖിലെ തീവ്രവാദി ഗ്രൂപ്പിനെതിരായ പോരാട്ടത്തിലെ സുപ്രധാന ഓപ്പറേഷനാണ് ഈ വിജയം എന്നും ഇറാഖ് പ്രധാനമന്ത്രി അവകാശപ്പെട്ടു. മേഖലയിലുടനീളം ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഐഎസിനായി പോരാളികളെ റിക്രൂട്ട് ചെയ്യുന്നതിലും അബു ഖദീജ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് വിവരം. ഇറാഖിലും സിറിയയിലും ഉള്ള ഐഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തിനും പ്രവര്‍ത്തനത്തിനും വലിയ തിരിച്ചടിയായിരിക്കുകയാണ് അബു ഖദീജയുടെ മരണം.
2023 ല്‍ യുഎസ് ഉപരോധങ്ങള്‍ അബു ഖദീജയെ ലക്ഷ്യം വച്ചിരുന്നുവെന്നും ഇയാള്‍ ഐ എസ്‌ഐഎസിന്റെ സിറിയന്‍, ഇറാഖി പ്രവിശ്യകളുടെ ഗവര്‍ണറായിരുന്നുവെന്നും ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു. ഖലീഫ എന്നറിയപ്പെടുന്ന ഐഎസിന്റെ ആഗോള നേതാവിന്റെ സ്ഥാനത്തേക്ക് സാധ്യതയുള്ള നേതാവായി ഖദീജയെ നേരത്തെ പരിഗണിച്ചിരുന്നത്. അതിനാല്‍ തന്നെ ഇയാളുടെ വധം മേഖലയിലെ ഐ എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറും എന്നുറപ്പാണ്.
സിറിയയിലെയും ഇറാഖിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ മേല്‍ വര്‍ഷങ്ങളായി ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ഇസ്ലാമിക ഭരണം അടിച്ചേല്‍പ്പിക്കുകയും മിഡില്‍ ഈസ്റ്റ്, പശ്ചിമേഷ്യ, ഏഷ്യ എന്നിവിടങ്ങളില്‍ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു