ലഹരിക്ക് പൂട്ടിടാന്‍ കൈകോര്‍ത്ത് എക്സൈസും പൊലീസും: സമഗ്ര ഡേറ്റാബേസ് തയ്യാറാക്കും; മനോജ് എബ്രഹാമിന് ഏകോപന ചുമതല

ലഹരിക്ക് പൂട്ടിടാന്‍ കൈകോര്‍ത്ത് എക്സൈസും പൊലീസും: സമഗ്ര ഡേറ്റാബേസ് തയ്യാറാക്കും; മനോജ് എബ്രഹാമിന് ഏകോപന ചുമതല

തിരുവനന്തപുരം: ലഹരിക്കെതിരെ സംയുക്ത നീക്കത്തിന് എക്സൈസും പൊലീസും. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാനാണ് ഉന്നതതല യോഗത്തില്‍ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനാണ് ഇതിന്റെ ഏകോപന ചുമതല. എക്സൈസ് കമ്മീഷണര്‍ നോഡല്‍ ഓഫീസറാകും.

കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, ലേബര്‍ ക്യാമ്പുകള്‍, പാര്‍സല്‍ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തും. കൂടാതെ അന്തര്‍ സംസ്ഥാന ബസുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും സംയുക്ത പരിശോധന നടത്തും. ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസും തയ്യാറാക്കും.

കേസുകളില്‍ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. യോഗത്തില്‍ എഡിജിപി മനോജ് എബ്രഹാം, എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് എന്നിവര്‍ പങ്കെടുത്തു. ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.