നീപെഡോ: മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 153 ആയി. 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മ്യാന്‍മറിലെ സൈനിക സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരണസംഖ്യ 10,000 കവിയുമെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കുന്നത്.
നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൂറ്റന്‍ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നത് ഉള്‍പ്പെടെ മ്യാന്‍മറിലും തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മ്യാന്‍മറില്‍ വലിയ നാശനഷ്ടങ്ങളുണ്ടായതായി ഐക്യരാഷ്ട്രസഭാ പ്രതിനിധി പ്രതികരിച്ചു. അതേസമയം മ്യാന്‍മറില്‍ 144 ല്‍ അധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കിനായി വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഐക്യരാഷ്ട്രസഭാ പ്രതിനിധി പറഞ്ഞു. ലോകാരോഗ്യ സംഘടന മെഡിക്കല്‍ സംഘത്തെ അയക്കാനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു.
മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശങ്ക പങ്കുവച്ചു. ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ആശങ്കാകുലമാണ്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നും മോഡി വ്യക്തമാക്കി. മാത്രമല്ല മ്യാന്‍മര്‍, തായ്ലന്‍ഡ് സര്‍ക്കാരുമായി ബന്ധം പുലര്‍ത്താന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.