വധശിക്ഷ നടപ്പാക്കും?; ഉത്തരവ് ജയിലിലെത്തിയെന്ന് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം

വധശിക്ഷ നടപ്പാക്കും?; ഉത്തരവ് ജയിലിലെത്തിയെന്ന് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം

സന: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാകുമെന്ന് സൂചന. ഇത് സംബന്ധിച്ച ഉത്തരവ് ജയിലെത്തി. നിമിഷ പ്രിയ തന്നെയാണ് ഈ വിവരം ശബ്ദസന്ദേശത്തിലൂടെ അറിയിച്ചത്. ആക്ഷൻ കൗൺസിൽ പുറത്തുവിട്ട സന്ദേശത്തിൽ വധശിക്ഷ നടപ്പാക്കുന്നതിനെ സംബന്ധിച്ചുള്ള ആശങ്ക നിമിഷ പ്രിയ പങ്കുവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയയാണ് നിമിഷപ്രിയ.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് കോടതി നിമിഷയെ ശിക്ഷിച്ചത്. 2017ലാണ് യെമൻ പൗരനും നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തിയ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിന് യെമനിൽ രേഖകളുണ്ട്. എന്നാൽ അത് അവിടെ ക്ലിനിക്ക് തുടങ്ങുന്നതിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ തയാറാക്കിയ താൽക്കാലിക രേഖയാണെന്നാണ് നിമിഷയുടെ വാദം.

മാത്രവുമല്ല തലാൽ തന്നെ ഉപദ്രവിച്ചിരുന്നതായും നിമിഷ വെളിപ്പെടുത്തിയിരുന്നു. ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ തന്നെ നിർബന്ധിച്ചിരുന്നതായും നിമിഷ പറയുന്നുണ്ട്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും ജയിലിൽ നിന്ന് പുറത്തുവന്നതോടെ തലാൽ കൂടുതൽ ഉപദ്രവകാരിയായി മാറുകയായിരുന്നു.

ഒടുവിൽ ജീവിന് ഭീഷണി ആയതോടെയാണ് തലാലിനെ ഇല്ലാതാക്കിയത്. അനസ്തേഷ്യക്കുള്ള മരുന്ന് നൽകി മയക്കിയെന്നും ഉണരുന്നില്ലെന്ന് കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് നിമിഷ കോടതിയെ അറിയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.