ലാഹോര്‍: പാകിസ്ഥാനിൽ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് 22 കാരന് ക്രൂര മർദനം. പഞ്ചാബിലെ സുഭാൻ പേപ്പർ മില്ലിൽ ജോലി ചെയ്യുന്ന വഖാസ് മാസിഹിനെയാണ് സൂപ്പർവൈസർ സൊഹൈബ് ക്രൂരമായി ആക്രമിച്ചത്. അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡാണ് ആക്രമ സംഭവം പുറത്തുവിട്ടത്.
മുസ്ലിം മതഗ്രന്ഥമായ ഖുർആനിന്റെ ചില പേജുകൾ ഒരു ചവറ്റുകുട്ടയിൽ നിന്ന് കണ്ടെത്തിയതിന് ശേഷം ഖുർആനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമ കുറ്റം ചുമത്തുകയും ചെയ്തു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വഖാസ് ലാഹോറിലെ ജനറല്‍ ആശുപത്രിയിൽ ചികിത്സയിലാണ്. “വഖാസ് മാസിഹിനെതിരായ ആക്രമണം പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ ഒടുവിലത്തെ ഉദാഹരണമാണ്. എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സാമൂഹികമാറ്റം ആവശ്യമാണെന്ന് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നു” – മാസിഹിനെ ആശുപത്രിയിൽ സന്ദർശിച്ച കപ്പൂച്ചിൻ വൈദികൻ ലാസർ അസ്ലം പറഞ്ഞു.
ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2025 റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പാകിസ്ഥാന്‍.