നോർത്ത് ഡാർഫർ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ യുവ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. സുഡാനിലെ നോർത്ത് ഡാർഫർ സംസ്ഥാന തലസ്ഥാനമായ എൽ ഫാഷറിലെ വൈദികൻ ഫാ. ലൂക്ക ജോമോയാണ് കൊല്ലപ്പെട്ടത്. അർധ സൈനിക സേന നടത്തിയ ആക്രമണത്തിൽ ഫാ. ലൂക്ക ജോമോ കൊല്ലപ്പെട്ടെന്ന് എൽ ഒബൈദ് രൂപത സ്ഥിരീകരിച്ചു.
'ജൂൺ 13 പുലർച്ചെ മൂന്ന് മണിക്ക് എൽ ഫാഷറില്‍ വൈദികനും മറ്റ് രണ്ട് യുവാക്കളും വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഇവരുടെ ആത്മശാന്തിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം'- സഭാനേതൃത്വം ആഹ്വാനം നല്‍കി.
കഴിഞ്ഞ ജനുവരി മുതൽ ഫാ. ജോമോയോട് നഗരം വിട്ടുപോകാൻ കൂട്ടത്തിലുള്ള ആളുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സായുധ പോരാളികള്‍ പ്രദേശം പൂർണമായും വളഞ്ഞതിനാല്‍ രക്ഷപ്പെടാൻ കഴിയാതെ പോകുകയായിരിന്നുവെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി.
2023 ഏപ്രില്‍ മുതലാണ് സുഡാനീസ് സൈനിക - അര്‍ധ സൈനിക വിഭാഗങ്ങള്‍ തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ദാര്‍ഫര്‍ പ്രദേശത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലധികവും ആര്‍എസ്എഫ് പിടിച്ചെടുത്തിരുന്നു. വടക്കന്‍ ദാര്‍ഫറിന്റെ തലസ്ഥാനമായ എല്‍ ഫാഷര്‍ മേഖലയില്‍ ആര്‍എസ്എഫ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.