ട്രംപിന്റെ തീരുമാനം ചരിത്രം മാറ്റിമറിക്കും; ഭൂമിയിലെ മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തതാണ് അമേരിക്ക ചെയ്തത്: നെതന്യാഹു

ട്രംപിന്റെ തീരുമാനം ചരിത്രം മാറ്റിമറിക്കും; ഭൂമിയിലെ മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തതാണ് അമേരിക്ക ചെയ്തത്: നെതന്യാഹു

ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ധീരമായ തീരുമാനം ചരിത്രം മാറ്റിമറിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രണത്തിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

'പ്രസിഡന്റ് ട്രംപിന് അഭിനന്ദനങ്ങൾ. അത്ഭുതകരവും നീതിയുക്തവുമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കും. ഓപ്പറേഷൻ റൈസിംഗ് ലയണിലൂടെ ഇസ്രയേലും അത്ഭുതകരമായ കാര്യങ്ങളാണ് ചെയ്തത്. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കൻ നടപടി സമാനതകളില്ലാത്തതാണ്.

ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തത് അമേരിക്ക ചെയ്തു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയാണ് അമേരിക്ക എതിർത്തിരിക്കുന്നത്. അവരുടെ അപകടകരമായ ആയുധങ്ങൾക്ക് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ ഇടപെടൽ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ്. മിഡിൽ ഈസ്റ്റിനെ സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഭാവിയിലേക്ക് നയിക്കാൻ സഹായിക്കുന്ന ചരിത്രത്തിന്റെ ഒരു നാഴികക്കല്ലാണ് പ്രസിഡന്റ് സൃഷ്ടിച്ചിരിക്കുന്നത്'- നെതന്യാഹു പറഞ്ഞു.

'ശക്തിയിലൂടെ മാത്രമേ സമാധാനം സൃഷ്ടിക്കാൻ കഴിയുവെന്ന് പ്രസിഡൻ്റ് ട്രംപും ഞാനും പലപ്പോഴും പറയാറുണ്ട്. ആദ്യം ശക്തി വരുന്നു, പിന്നീട് സമാധാനം വരുന്നു. ഇന്ന് രാത്രി, പ്രസിഡന്റ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവർത്തിച്ചു. പ്രസിഡന്റ് ട്രംപ്, ഞാനും ഇസ്രയേൽ ജനതയും നിങ്ങൾക്ക് നന്ദി പറയുകയാണ്. നമ്മുടെ അചഞ്ചലമായ സഖ്യത്തെയും വിശ്വാസത്തെയും ദൈവം അനുഗ്രഹിക്കട്ടെ'- നെതന്യാഹു കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.