ടെൽ അവീവ്: അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍. ഇറാനിൽ നിന്ന് ടെല്‍ അവീവിലേക്ക് മിസൈൽ വർഷമുണ്ടായതായാണ് പുറത്തുവരുന്ന വിവരം. ജെറുസലേമിലും ടെൽ അവീവിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതിന് പിന്നാലെ ഇസ്രയേലിൻ്റെ പല ഭാഗങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇസ്രയേലിലെ 10 സ്ഥലങ്ങളിലാണ് ഇറാന്‍ റോക്കറ്റുകള്‍ പതിച്ചത്. കാർമൽ, ഹൈഫ, ടെൽ അവീവ്, വടക്കൻ തീരദേശ സമതലം എന്നിവിടങ്ങളില്‍ ഇറാന്റെ ആക്രമണം നടന്നതായാണ് സൂചന.
ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണങ്ങള്‍ ഉണ്ടായതിനു പിന്നാലെയാണ് ഇറാന്‍ ഇസ്രയേലിലേക്കുള്ള പ്രത്യാക്രമണം കടുപ്പിച്ചിരിക്കുന്നത്. ബി -2 ബോംബർ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇറാനിലെ യുഎസ് ആക്രമണം.
യുഎസ് ആക്രമണങ്ങള്‍ സ്ഥിരീകരിച്ച ഇറാന്‍ നാശനഷ്ടങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫോർദോ ഒഴിപ്പിച്ചെന്നും സാരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും മാത്രമാണ് ഇറാന്‍ പുറത്തുവിടുന്ന വിവരം. ഫോർദോയ്‌ക്കെതിരായ യുഎസ് ആക്രമണം ഇറാൻ മുൻകൂട്ടി കണ്ടിരുന്നു എന്നാണ് പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറയുന്നത്.