സിറിയയിൽ ക്രിസ്ത്യൻ ദേവാലയത്തിന് നേരെ ചാവേറാക്രമണം; 22 പേർ കൊല്ലപ്പെട്ടു; 80ലേറെ പേർക്ക് പരിക്ക്

സിറിയയിൽ ക്രിസ്ത്യൻ ദേവാലയത്തിന് നേരെ ചാവേറാക്രമണം; 22 പേർ കൊല്ലപ്പെട്ടു; 80ലേറെ പേർക്ക് പരിക്ക്

ഡമാസ്കസ്: സിറിയയിലെ ഡമാസ്കസിൽ ക്രിസ്ത്യൻ ദേവാലയത്തിൽ‌ കുർബാനയ്ക്കിടെ ചാവേർ സ്ഫോടനം. സ്ഫോടനത്തിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സെൻ്റ് ഏലിയാസ് പള്ളിയിലാണ് സ്ഫോടനമുണ്ടായത്. 80 ലേറെ പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ 30 പേരുടെ നില അതീവ ഗുരുതരമാണ്. 

ഞായറാഴ്ച കുർബാനയ്ക്കിടെയായിരുന്നു ചാവേറാക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അംഗമാണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരൻ പള്ളിയിൽ കയറി വെടിയുതിർത്ത ശേഷം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.



ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറ പറഞ്ഞു. ആഭ്യന്തര മന്ത്രി അനസ് ഖത്താബ് ആക്രമണത്തെ അപലപിച്ചു. അന്വേഷിക്കാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി അദേഹം അറിയിച്ചു. ആക്രമണത്തിൽ രണ്ട് പേർ പങ്കാളികളായിട്ടുണ്ടെന്നും ഒരാൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടെന്നും രണ്ടാമനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തര പ്രതികരണ സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സിറിയയിൽ ഭരണമാറ്റമുണ്ടായതിന് ശേഷം ആദ്യമായാണ് ക്രിസ്ത്യൻ ദേവാലയത്തിൽ ആക്രമണം നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.