ദോഹ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ച് ഖത്തര്‍. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍.
പൗരന്മാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഖത്തര്‍ നിവാസികള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുളള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും വ്യാജ വാര്‍ത്തകളില്‍ ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ ഭരണകൂടം അറിയിച്ചു. നേരത്തെ ഖത്തറിലെ അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ അമേരിക്കന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ആക്രമണ സംഭവങ്ങളൊന്നും ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.