ഇസ്ലമാബാദ്: പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചു. പതിനാലുകാരിയായ എലിഷ്ബ അദ്‌നാന്‍ എന്ന പെണ്‍കുട്ടിയെ വിവാഹിതനും ഇരുപത്താറുകാരനും ഇസ്ലാം മത വിശ്വാസിയുമായ ബാബര്‍ മുഖ്താര്‍ എന്നയാള്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ജൂണ്‍ 11 ന് നടന്ന സംഭവത്തില്‍ പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ബുറേവാല തഹസില്‍ മുനിസിപ്പല്‍ അതോറിറ്റിയിലെ ശുചിത്വ തൊഴിലാളിയായ അദ്‌നാന്‍ മാസിഹ് ആണ് എലിഷ്ബയുടെ പിതാവ്.
തന്റെ മകളെ കാണാനില്ലെന്ന് അറിഞ്ഞ ഉടന്‍ തന്നെ ബുറേവാലയിലെ സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പ്രവിശ്യയിലെ വെഹാരി ജില്ലയില്‍ താമസിക്കുന്ന മനുഷ്യവകാശ അഭിഭാഷകനായ ആല്‍ബര്‍ട്ട് പത്രാസ് പറഞ്ഞു. കത്തോലിക്കനായ പിതാവ് പലതവണ പൊലീസിനെ സമീപിച്ച് മകളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
'അദേഹത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഹായത്തിനായി ഞങ്ങളെ സമീപിച്ചു. ഞങ്ങള്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍, പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ചുവെന്നും സ്വതന്ത്രമായി മുക്താറിനെ വിവാഹം കഴിച്ചുവെന്നുമാണ്‌പൊലീസ് ഞങ്ങളോട് പറഞ്ഞത്. മതപരിവര്‍ത്തനവും വിവാഹവും അവകാശപ്പെടുന്ന രേഖകള്‍ കാണിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വിസമ്മതിച്ചു'- പത്രാസ് പറഞ്ഞു.
തുടര്‍ന്ന് തങ്ങള്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കാണുകയും സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ഉദ്യോഗസ്ഥര്‍ ഇതുവരെ കേസ് ഫയല്‍ ചെയ്തിട്ടില്ല.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കാല താമസവും പൊലീസ് നിഷ്‌ക്രിയത്വവും പ്രതിക്ക് പെണ്‍കുട്ടിയെ മതം മാറ്റാനും കുറ്റകൃത്യത്തിന് നിയമപരമായ സംരക്ഷണം നല്‍കുന്നതിന് അവളുമായി വ്യാജ വിവാഹം നടത്താനും മതിയായ സമയം ലഭിച്ചതായും അദേഹം പറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ശൈശവ വിവാഹം, നിര്‍ബന്ധിത വിവാഹം, കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യല്‍ തുടങ്ങിയ നിയമങ്ങള്‍ പ്രകാരം മുഖ്താറിനെതിരെ കുറ്റം ചുമത്താന്‍ പൊലീസിനോട് ആവശ്യപ്പെടാനാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നീക്കം.
'എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ അമിതമായ കാലതാമസം മൂലം ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഇത് ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ഭയവും വളര്‍ത്തുന്നു. അതേസമയം നീതി നടപ്പാക്കുന്നതിലെ കാലതാമസം രാജ്യത്തെ നിയമവ്യ വസ്ഥയിലുള്ള വിശ്വാസം ഇല്ലാതാക്കുന്നു'- ആല്‍ബര്‍ട്ട് പത്രാസ് പറഞ്ഞു.