വത്തിക്കാൻ സിറ്റി: വത്തിക്കാനിലെത്തി ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച് ‘ദി ചോസൺ’ സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാര്‍പാപ്പ വിശ്വാസികളുമായി നടത്തിയ പൊതു കൂടിക്കാഴ്ചയുടെ സമാപനത്തിലാണ് ജോനാഥൻ റൂമിയും ഡാളസ് ജെങ്കിൻസും അടക്കമുള്ള താരങ്ങൾ മാർപാപ്പയെ സന്ദര്‍ശിച്ചത്.
പരമ്പരയിൽ മഗ്ദലന മറിയമായി അഭിനയിക്കുന്ന എലിസബത്ത് താബിഷ്, അപ്പോസ്തലനായ യോഹന്നാനെ അവതരിപ്പിക്കുന്ന ജോർജ് സാന്തിസ്, കന്യകാമറിയമായി അഭിനയിക്കുന്ന വനേസ ബെനവെന്റേ എന്നിവരും ക്രൂ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. മാർപാപ്പയും ജോനാഥൻ റൂമിയും പുഞ്ചിരിക്കുകയും ഹസ്തദാനം നടത്തുന്നതിന്റെയും ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ദി ചോസൻ സംഘത്തിന് വേണ്ടി ജോനാഥാൻ റൂമി പാപ്പയ്ക്ക് സമ്മാനം നൽകി.
ജൂൺ 23 ന് ‘ദി ചോസൺ’ അഞ്ചാം സീസണിലെ നാലാമത്തെ എപ്പിസോഡിന്റെ പ്രത്യേക പ്രദർശനം വത്തിക്കാനിൽ ഉണ്ടായിരുന്നു. ദി ചോസൺ’ ന്റെ അഭിനേതാക്കളും നിർമ്മാതാക്കളും ഈ പരമ്പരയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു പത്രസമ്മേളനവും നടത്തി.
അടുത്ത വർഷം പുറത്തിറങ്ങുന്ന സീസൺ ആറിന്റെ ക്രൂശീകരണ രംഗങ്ങളുടെ ചിത്രീകരണം തെക്കൻ ഇറ്റലിയിൽ പൂർത്തിയാക്കിയ ശേഷമാണ് സംഘം വത്തിക്കാനിൽ എത്തിയത്.