ക്വിങ്ദാവോ: അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും ചൈനയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി നാലിന പദ്ധതി നിര്‍ദേശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
ക്വിങ്ദാവോയില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) സമ്മേളനത്തിനിടെ ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറല്‍ ഡോങ് ജുനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് രാജ്നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഘര്‍ഷം ലഘൂകരിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍, അതിര്‍ത്തി നിര്‍ണയത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തല്‍, 2024 ലെ വിച്ഛേദിക്കല്‍ പദ്ധതി പാലിക്കല്‍, വ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ പ്രക്രിയകള്‍ തയ്യാറാക്കുന്നതിന് നിലവിലുള്ള പ്രത്യേക പ്രതിനിധി തല സംവിധാനത്തിന്റെ ഉപയോഗം എന്നീ നാല് നിര്‍ദേശങ്ങളാണ് ഫോര്‍മുലയിലുള്ളത്.
പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചും രാജ്‌നാഥ് സിങ് യോഗത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ തത്ത്വപരമായ നിലപാടാണെന്നും അദേഹം വ്യക്തമാക്കി.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാസ്-മാനസരോവര്‍ യാത്ര പുനരാരംഭിച്ചതില്‍ രാജ്‌നാഥ് സിങ് സന്തോഷം പ്രകടിപ്പിച്ചു. ബീഹാറില്‍ നിന്നുള്ള ഒരു മധുബാനി പെയിന്റിങ് അഡ്മിറല്‍ ഡോങ് ജുനിന് സമ്മാനിച്ചു.